
ഈ 7 വിഭാഗം ഗതാഗത നിയമ ലംഘങ്ങൾ നടത്തുന്ന പ്രവാസികൾ നാട് കടത്തലിനു വിധേയരായേക്കും
കുവൈത്തിൽ അടുത്ത ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഗതാഗത നിയമ പ്രകാരം 7 വിഭാഗം ഗതാഗത നിയമ ലംഘങ്ങൾ നടത്തുന്ന പ്രവാസികൾ നാട് കടത്തലിനു വിധേയരായേക്കും. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം അസിസ്റ്റൻ്റ് ഡയറക്ടർ ലെഫ്റ്റനൻ്റ് കേണൽ അബ്ദുല്ല ബു ഹസ്സനാണ് ഇക്കാര്യം വിശദീകരിച്ചത്.

അതാത് റോഡുകളിൽ നിശ്ചയിക്കപ്പെട്ട പരമാവധി വേഗത പരിധി 50 കിലോമീറ്ററിൽ അധികമായി വാഹനം ഓടിക്കുക,
നിർദിഷ്ട സ്ഥലങ്ങളിൽ അല്ലാത്ത റോഡുകളിൽ ബഗ്ഗികൾ ഓടിക്കുക,
ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയോ , പിൻവലിക്കപ്പെട്ടതോ,അല്ലെങ്കിൽ ലൈസൻസിൽ അനുമതി രേഖപ്പെടുത്തിയ വിഭാഗത്തിൽ ഉൾപ്പെടാത്തതോ ആയ വാഹനങ്ങൾ ഓടിക്കുക,
നമ്പർ പ്ലേറ്റുകളില്ലാത്ത വാഹനം ഓടിക്കുക,
ചുവപ്പ് സിഗ്നൽ മറി കടക്കുക,
വാഹനത്തിന്റെ അനുമതിക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾക്ക് വാഹനം ഉപയോഗിക്കുക,
പണം ഈടാക്കി യാത്രക്കാരെ കൊണ്ടു പോകുന്നതിന് വാഹനം ഉപയോഗിക്കുക,
മുതലായ ഗതാഗത നിയമ ലംഘനങ്ങൾ നടത്തുന്ന പ്രവാസികളാണ് നാട് കടത്തലിനു വിധേയരായേക്കാവുന്നത്.ഇതിന് പുറമെ മദ്യം, മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ ഉപയോഗിച്ച് വാഹനം ഓടിക്കുക,ഗുരുതമായ പരിക്കിനോ അല്ലെങ്കിൽ മരണത്തിനോ കാരണമായ റോഡപകടം സംഭവിക്കുക,
പെർമിറ്റ് ഇല്ലാതെ റോഡുകളിൽ മത്സരയോട്ടം നടത്തുക,
വ്യക്തികളുടെ സുരക്ഷക്ക് ഹാനികരമായ ഒരു അപകടമുണ്ടായ ശേഷം വാഹനം നിർത്താതെ പോകുക, വാഹനം നിർത്താനുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ആജ്ഞ ലംഘിക്കുക,
അശ്രദ്ധയോടെ വാഹനം ഓടിക്കുക,
മുതലായ നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ പോലീസ് സേനയിലെ ഏതൊരു ഉദ്യോഗസ്ഥനും സ്വദേശികൾ ഉൾപ്പെടെയുള്ള നിയമ ലംഘകരെ അറസ്റ്റ് ചെയ്യുവാനും 48 മണിക്കൂർ നേരത്തേക്ക് തടങ്കലിൽ വെക്കുവാനും അധികാരം ഉണ്ടായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)