
Kuwait airport; പുതുവത്സര അവധി; കുവൈത്ത് വിമാനത്താവളത്തിൽ തിരക്ക് വർധിച്ചു
Kuwait airport; പുതുവത്സര അവധി കണക്കിലെടുത്ത് യാത്ര പുറപ്പെടുന്നവരും രാജ്യത്ത് എത്തുന്നവരും നിരവധി. ജനുവരി ഒന്നു മുതൽ നാലു വരെ കുവൈത്ത് വിമാനത്താവളം വഴി 150,404 പേർ യാത്രചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അറിയിച്ചു.

ഈ കാലയളവിൽ മൊത്തം വിമാനങ്ങളുടെ എണ്ണം 1,159 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും ഡി.ജി.സി.എ ആക്ടിങ് വക്താവ് അബ്ദുല്ല അൽ റാജ്ഹി പറഞ്ഞു. പുറപ്പെടുന്ന യാത്രക്കാരുടെ എണ്ണം 71,324 ആണ്. കഴിഞ്ഞ പുതുവത്സര അവധിക്കാലത്ത് ഇത് 126,694 ആയിരുന്നു. എത്തിച്ചേരുന്ന യാത്രക്കാരുടെ എണ്ണം 79,080 ആണ്. 580 വിമാനങ്ങൾ ഈ കാലയളവിൽ കുവൈത്തിൽനിന്ന് പുറപ്പെടും.
579 വിമാനങ്ങൾ വന്നെത്തും. അവധിക്കാലത്ത് ഏറ്റവും കൂടുതൽ യാത്രക്കാരുടെ തിരക്ക് പ്രതീക്ഷിക്കുന്നത് ടെർമിനൽ -ഒന്നിൽ ആണ്. 64,673 യാത്രക്കാർ ഇവിടെ എത്തും. ടെർമിനൽ- അഞ്ചിൽ 48,130 യാത്രക്കാരും, ടെർമിനൽ- നാലിൽ 37,601 യാത്രക്കാരെയും പ്രതീക്ഷിക്കുന്നു. ദുബൈ, ജിദ്ദ, കെയ്റോ, ദോഹ, ഇസ്താംബുൾ എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ യാത്രക്കാർ.
തിരക്കേറിയ അവധിക്കാലത്ത് എല്ലാ യാത്രക്കാർക്കും മികച്ച സേവനങ്ങളും സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. യാത്രക്കാരെയും എയർലൈനുകളെയും സഹായിക്കാൻ എയർപോർട്ട് അധികൃതർ പൂർണമായി തയാറാണെന്നും അൽ റാജ്ഹി പറഞ്ഞു.
Comments (0)