kuwait law: കുവൈറ്റില്‍ പൗരത്വനിയമത്തില്‍ ഭേദഗതി;അറിയാം പുതിയ മാറ്റങ്ങൾ

Kuwait law; കുവൈറ്റ് സിറ്റി: കുവൈറ്റ് അമീര്‍ പുറപ്പെടുവിച്ച ഡിക്രി 116/2024 പ്രകാരം കുവൈറ്റ് സര്‍ക്കാര്‍ പൗരത്വ നിയമത്തില്‍ കാര്യമായ ഭേദഗതികള്‍ കൊണ്ടുവന്നു. കുവൈറ്റ് അല്‍ യൗം അഥവാ ഔദ്യോഗിക ഗസറ്റിന്‍റെ ഏറ്റവും പുതിയ പതിപ്പില്‍ പ്രസിദ്ധീകരിച്ച ഈ മാറ്റങ്ങള്‍ കുവൈറ്റ് പൗരത്വം ലഭിക്കുന്നതിനും നിലനിര്‍ത്തുന്നതിനും റദ്ദാക്കുന്നതിനുമുള്ള പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നു.

പൗരത്വത്തിനുള്ള യോഗ്യതാ മാനദണ്ഡം
കുവൈറ്റ് പൗരത്വത്തിന് അപേക്ഷിക്കുന്ന വിദേശ പൗരന്മാര്‍ക്ക് അവരുടെ ഭാര്യമാരെ അപേക്ഷയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നതാണ് പുതിയ നിയമത്തിലെ വ്യവസ്ഥകളിലൊന്ന്. പൗരത്വം നേടിയ ഒരു വ്യക്തിയുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുവൈറ്റ് പൗരന്‍മാരായി കണക്കാക്കും. എന്നാല്‍ അവര്‍ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ മറ്റൊരു ദേശീയത തിരഞ്ഞെടുക്കാനുള്ള അവകാശം അവര്‍ക്ക് ഉണ്ടായിരിക്കും

വ്യാജമായോ തെറ്റായ പ്രസ്താവനകള്‍ പോലുള്ള വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയോ നേടിയ പൗരത്വം റദ്ദാക്കാവുന്നതാണ്. ഇതേ വ്യാജ അപേക്ഷയിലൂടെ പൗരത്വം നല്‍കുന്ന ബന്ധുക്കള്‍ക്കും അവരുടെ പൗരത്വം നഷ്ടപ്പെടും. സംസ്ഥാന സുരക്ഷ, ദൈവത്തെയോ പ്രവാചനെയോ നിന്ദിക്കല്‍, അമീറിനെ മോശമായി ചിത്രീകരിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട വ്യക്തികള്‍ക്കും പൗരത്വം റദ്ദാക്കല്‍ നേരിടേണ്ടിവരും.

കുവൈറ്റില്‍ പൗരത്വനിയമത്തില്‍ ഭേദഗതി; കുവൈറ്റ് പൗരന്‍റെ വിദേശി ഭാര്യയ്ക്ക് പൗരത്വം ലഭിക്കില്ല
പൗരത്വം ലഭിച്ച് പത്ത് വര്‍ഷത്തിനുള്ളില്‍ സത്യസന്ധതയോ വിശ്വാസ ലംഘനമോ നടത്തിയതിന് സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നപ്പെടുന്ന പക്ഷം അവരുടെ പൗരത്വവും റദ്ദാക്കപ്പെടും. കുവൈറ്റിന്‍റെ ഉയര്‍ന്ന താല്‍പ്പര്യങ്ങളോ ബാഹ്യ സുരക്ഷയെയോ ലംഘിച്ചാലും വിദേശ രാഷ്ട്രീയ സ്ഥാപനങ്ങളുമായി ബന്ധം പുലര്‍ത്തിയാലും പൗരത്വം റദ്ദാവും. ആഭ്യന്തര മന്ത്രിയുടെ പ്രമേയമനുസരിച്ച്, പിതാവ് മരിച്ചവരോ തടവിലാക്കപ്പെട്ടവരോ വിവാഹമോചനം നേടിയവരോ ആയ കുവൈറ്റ് അമ്മമാരുടെ കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ കുവൈറ്റ് പൗരന്മാരായി പരിഗണിക്കപ്പെടും.

ആലോചനാ യോഗം ബുധനാഴ്ചആഭ്യന്തര മന്ത്രി ശെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്‍റെ നേതൃത്വത്തിലുള്ള കുവൈറ്റ് പൗരത്വത്തിന്‍റെ അന്വേഷണത്തിനുള്ള സുപ്രീം കമ്മിറ്റി പുതിയ ഭേദഗതികളുടെ പശ്ചാത്തലത്തില്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ 10:30ന് സെയ്ഫ് പാലസിലാണ് ആലോചനാ യോഗം നടക്കുക. ഭേദഗതി ചെയ്ത ദേശീയത നിയമത്തിന്‍റെ പ്രധാന വ്യവസ്ഥകളില്‍ വ്യക്തത വരുത്തുക, ഇരട്ട പൗരത്വവും വ്യാജ കുവൈറ്റ് പൗരത്വവും സംബന്ധിച്ച കേസുകള്‍ ചര്‍ച്ച ചെയ്യുക, കുവൈറ്റ് പൗരന്മാരുടെ ഭാര്യമാരെ സംബന്ധിച്ച ആര്‍ട്ടിക്കിള്‍ എട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ച ചെയ്യം. ചര്‍ച്ചയില്‍ ദിനപത്രങ്ങളുടെ ചീഫ് എഡിറ്റര്‍മാര്‍, പബ്ലിക് വെല്‍ഫെയര്‍ സൊസൈറ്റി മേധാവികള്‍, ബന്ധപ്പെട്ട മന്ത്രിമാര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *