Posted By Ansa sojan Posted On

Kuwait law; കുവൈത്തിൽ 48 വർഷം പഴക്കമുള്ള നിയമത്തിൽ മാറ്റം: കുവൈത്തിൽ പ്രവാസികൾക്ക് സ്വന്തം പേരിൽ ഒറ്റ വാഹനം

Kuwait law;പ്രവാസി താമസക്കാർക്ക് സ്വന്തം പേരിൽ ഒന്നിലധികം വാഹനങ്ങൾ വേണ്ടെന്ന കർശന വ്യവസ്ഥകളും ശിക്ഷാനടപടികളും ഉൾപ്പെടുന്ന കുവൈത്തിന്റെ പുതിയ ഗതാഗത നിയമം ഏപ്രിൽ 22 മുതൽ പ്രാബല്യത്തിലാകും. 48 വർഷം പഴക്കമുള്ള നിയമത്തിന് പകരമാണ് പുതിയ നിയമം. ഏപ്രിൽ 21 വരെ മാത്രമേ നിലവിലെ നിയമത്തിന് സാധുതയുള്ളു.

പുതിയ നിയമത്തിൽ പ്രവാസി താമസക്കാരായ വ്യക്തികൾക്ക് സ്വന്തം പേരിൽ ഒന്നിലധികം വാഹനങ്ങൾ പാടില്ലെന്നാണ് വ്യവസ്ഥ. കോടതിയിലേക്ക് കൈമാറാത്ത ലംഘനങ്ങൾക്ക് മന്ത്രാലയമാണ് സാമ്പത്തിക ഒത്തുതീർപ്പുണ്ടാക്കുന്നത്. ഗതാഗത ലംഘനങ്ങൾക്ക് നിലവിലെ പിഴത്തുക രണ്ടു മുതൽ മൂന്നിരട്ടി വരെ വർധിപ്പിച്ചും ജയിൽ ശിക്ഷ കടുപ്പിച്ചുമാണ് പുതിയ നിയമം നിർമിച്ചിരിക്കുന്നത്. കയ്യടിച്ചും വിമർശിച്ചും സ്വദേശി-പ്രവാസികൾക്കിടയിൽ നിയമം സംബന്ധിച്ച് സമ്മിശ്ര പ്രതികരണം ഉയർന്നു കഴിഞ്ഞു.

നിരോധിത സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നതിന് ഈടാക്കുന്ന 15 കുവൈത്ത് ദിനാർ ആണ് പുതിയ നിയമത്തിലെ ഏറ്റവും കുറഞ്ഞ പിഴത്തുക. ഏറ്റവും കൂടിയത് 5,000 കുവൈത്ത് ദിനാറും.-മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയിൽ വാഹനമോടിച്ച് ഗുരുതരമായ പരുക്കിനോ മരണത്തിനോ ഇടയാക്കുന്ന അപകടം സൃഷ്ടിക്കുന്നവർക്കാണ് ഇത്. പിഴത്തുകയ്ക്ക് പുറമെ പരമാവധി 5 വർഷം വരെ തടവും ലഭിക്കും.

മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ച ശേഷമോ വാഹനമോടിച്ചാൽ 1,000 കുവൈത്ത് ദിനാർ മുതൽ 3,000 വരെ പിഴയും പരമാവധി 2 വർഷം വരെ തടവുമാണ് ലഭിക്കുക. ഇനി ഇത്തരത്തിൽ വാഹനമോടിച്ച് പൊതു, സ്വകാര്യ വസ്തുക്കൾ നശിപ്പിച്ചാൽ പരമാവധി 3,000 കുവൈത്ത് ദിനാർ പിഴയും 3 വർഷം വരെ തടവും ലഭിക്കും. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കുള്ള പിഴത്തുക 5 കുവൈത്ത് ദിനാറിൽ നിന്ന് 75 ആക്കി ഉയർത്തിയിട്ടുണ്ട്.

സീറ്റ് ബൽറ്റ് ലംഘനത്തിന് 10 ൽ നിന്ന് 30 കുവൈത്ത് ദിനാർ ആക്കിയിട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിങ്ങ്, ചുവപ്പ് സിഗ്നൽ മറികടക്കൽ എന്നീ ലംഘനങ്ങൾക്കുള്ള പിഴത്തുക മൂന്നിരട്ടിയാക്കി ഓരോന്നിനും 150 കുവൈത്ത് ദിനാർ വീതം ആക്കിയിട്ടുണ്ട്. സ്വകാര്യ വാഹനം ടാക്‌സിയായി ഉപയോഗിച്ചാൽ 150 കുവൈത്ത് ദിനാറും

അമിത വേഗത്തിന് 70 മുതൽ 150 കുവൈത്ത് ദിനാറും വരെയാണ് പിഴ. വേഗപരിധി ലംഘിച്ച് എത്ര കിലോമീറ്റർ വാഹനമോടിച്ചെന്ന് കണക്കാക്കിയാണ് പിഴത്തുക നിശ്ചയിക്കുന്നത്. റോഡുകളിലെ അനുവദനീയ വേഗപരിധിയ്ക്ക് താഴെ വാഹനമോടിച്ചാൽ 30 കുവൈത്ത് ദിനാർ ആണ് പിഴ നൽകേണ്ടത്.

ലൈസൻസ് കൈവശമില്ലാതെ വാഹനം ഓടിച്ചാൽ 75 കുവൈത്ത് ദിനാറും നൽകണം. 10 വയസ്സിൽ താഴെയുള്ള കുട്ടികളെ വാഹനത്തിന്റെ മുൻവശത്തിരുത്തി യാത്ര ചെയ്യുക അല്ലെങ്കിൽ പിറകിലെ സീറ്റിൽ അശ്രദ്ധമായി കുട്ടികളെ ഇരുത്തുക, ഗതാഗത ലൈൻ തെറ്റിച്ച് വാഹനം ഓടിക്കുക എന്നീ ലംഘനങ്ങൾക്ക് 50 കുവൈത്ത് ദിനാർ ആണ് പിഴ ചുമത്തുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *