
Kuwait law update; 60 വര്‍ഷത്തിലേറെയായി പ്രാബല്യത്തിലുള്ള ഇഖാമ നിയമത്തിൽ വൻ പരിഷ്കരണവുമായി കുവൈത്ത്: വിശദാംശങ്ങൾ ചുവടെ
Kuwait law update; ഇഖാമ നിയമം കുവൈത്ത് സമഗ്രമായി പരിഷ്‌കരിച്ചു. വിസ കച്ചവടം തടയുകയും പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്ന തരത്തിൽ ആണ് പരിഷ്കരണം. അറുപത് വര്‍ഷത്തിലേറെയായി പ്രാബല്യത്തിലുള്ള നിയമമാണ് പരിഷ്‌കരിച്ചിരിക്കുന്നത്.

പുതിയ നിയമം രാജ്യത്തിന്റെ ഇമിഗ്രേഷന്‍ നയം നവീകരിക്കാനും വിസ വ്യാപാരം, കുടിയേറ്റ തൊഴിലാളികളുടെ ചികിത്സ തുടങ്ങിയ ദീര്‍ഘകാല പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ലക്ഷ്യമിടുന്നു. കുവൈത്ത് പൗരത്വം നേടാത്തിടത്തോളം കാലം, കുവൈത്തി വനിതകള്‍ക്ക് വിദേശികളുമായുള്ള വിവാഹബന്ധങ്ങളില്‍ പിറക്കുന്ന മക്കള്‍ക്ക് പത്തു വര്‍ഷ കാലാവധിയുള്ള ഇഖാമ ഫീസ് കൂടാതെ പുതുക്കാം എന്നതാണ് പ്രധാന മാറ്റങ്ങളിലൊന്ന്.
മെഡിക്കല്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ആറ് മാസത്തില്‍ കൂടുതല്‍ കാലം രാജ്യത്തിന് പുറത്ത് കഴിഞ്ഞാലും ഈ കുട്ടികള്‍ക്ക് അവരുടെ ഇഖാമ നഷ്ടപ്പെടില്ല. വിസ കച്ചവടവും ചൂഷണവും തടയാനും നിയമം ലക്ഷ്യമിടുന്നു. പണത്തിന് പകരമായി വിസ, ഇഖാമ, വിസ പുതുക്കല്‍ എന്നിവ സുഗമമാക്കുന്ന വ്യക്തികള്‍ക്ക് പുതിയ നിയമം കടുത്ത പിഴ ചുമത്തുന്നു.
യഥാര്‍ത്ഥ റിക്രൂട്ട്മെന്റ് ആവശ്യത്തിനല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് വിദേശ തൊഴിലാളികളെ നിയമിക്കുന്നതില്‍ നിന്ന് തൊഴിലുടമകള്‍ക്ക് വിലക്കുണ്ട്. കൂടാതെ ശരിയായ അംഗീകാരമില്ലാതെ തൊഴിലാളികളെ മറ്റുള്ളവര്‍ ജോലിക്കെടുക്കുന്നില്ലെന്നും തൊഴിലുടമകള്‍ ഉറപ്പാക്കണം.
ഫാമിലി വിസിറ്റ് വിസാ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടുന്നതാണ് മറ്റൊരു പ്രധാന വ്യവസ്ഥ. ഇതിനുള്ള ഫീസ് നിശ്ചയിക്കുക ആഭ്യന്തര മന്ത്രാലയമാണ്. മുന്‍ തൊഴിലാളി രാജ്യം വിട്ടതിനു ശേഷം പുതിയ ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരാനുള്ള കാത്തിരിപ്പ് കാലാവധി ആറു മാസത്തില്‍ നിന്ന് നാലു മാസമായി കുറക്കുന്നതും നിയമത്തില്‍ ഉള്‍പ്പെടുന്നു.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി മനുഷ്യക്കടത്തിനും ചൂഷണത്തിനും എതിരായ നടപടികള്‍ നിയമം ശക്തമാക്കുന്നു. നിയമ ലംഘകര്‍ക്ക് പിഴയും തടവും ലഭിക്കും. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ കനത്ത പിഴ ലഭിക്കും.
കുവൈത്തില്‍ ഇഖാമ നിയമം നവീകരിക്കാനുള്ള വിപുലമായ ശ്രമത്തിന്റെ ഭാഗമായ പുതിയ നിയമം ആറ് മാസത്തിനകം പ്രാബല്യത്തില്‍ വരും.
രാജ്യത്ത് താമസിക്കുന്ന എല്ലാവര്‍ക്കും ന്യായമായ പരിഗണന ഉറപ്പാക്കുന്നതിനൊപ്പം സുതാര്യതയ്ക്കും ഉത്തരവാദിത്തത്തിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് റെസിഡന്‍സി ആന്റ് സിറ്റിസണ്‍ഷിപ്പ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അലി അല്‍അദ്‌വാനി പറഞ്ഞു. ഇഖാമ അപേക്ഷകള്‍ കാര്യക്ഷമമാക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള കുവൈത്ത് വിസ വെബ്‌സൈറ്റ് അപ്ഡേറ്റുകള്‍ക്കൊപ്പം ഡിജിറ്റല്‍ പരിവര്‍ത്തനത്തിനുള്ള വ്യവസ്ഥകളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുന്നു.
Comments (0)