kuwait law:പ്രവാസികളുടെ അനധികൃത വ്യാപാരസ്ഥാപനങ്ങൾ; നടപടിക്ക് പുതിയ നിയമം പ്രഖ്യാപിച്ച് കുവൈറ്റ്

Kuwait law;കുവൈറ്റ് സിറ്റി: വ്യാജ പേരുകളിലും രേഖകള്‍ ഉപയോഗിച്ചും വാണിജ്യ – വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവാസികളെ നിയന്ത്രിക്കുന്നതിന് പുതിയ നിയമനിര്‍മാണവുമായി കുവൈറ്റ്. വാണിജ്യ വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് തടയുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയം ഒരു ഡിക്രി – നിയമത്തിന്റെ കരട് തയാറാക്കല്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.

പുതിയ കരട് നിയമ പ്രകാരം, ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ആവശ്യമായ ലൈസന്‍സുകള്‍ നേടാതെ, കുവൈറ്റിനുള്ളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രവാസികള്‍ക്കോ അവരുടെ സ്ഥാപനങ്ങള്‍ക്കോ വിലക്കേര്‍പ്പെടുത്തും.

ബെദൂണുകളും പ്രവാസികളും യഥാര്‍ഥ വാണിജ്യ വിവരങ്ങള്‍ മറച്ചുവച്ച് വ്യാജ പേരുകളിലും രേഖകള്‍ ഉപയോഗഗിച്ചും വ്യാപര സ്ഥാപനങ്ങള്‍ നടത്തുന്നത് വിലക്കുന്നതാണ് പുതിയ നിയമം. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിന് വ്യാപാര നാമങ്ങള്‍, ലൈസന്‍സുകള്‍, ഔദ്യോഗിക അംഗീകാരങ്ങള്‍, വാണിജ്യ രജിസ്‌ട്രേഷനുകള്‍ എന്നിവ ഉപയോഗിക്കുന്നതിൽ നിന്ന് നിയമം പ്രവാസികളെ തടയുന്നു. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ നല്‍കുകയോ ശരിയായ വിവരങ്ങള്‍ തടഞ്ഞുവയ്ക്കുകയോ ചെയ്യുന്നതും നിയമം വിലക്കുന്നുണ്ട്. യോഗ്യതയുള്ള അധികാരികളെ അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് തടസ്സപ്പെടുത്തുന്നതും നിയമം വിലക്കുന്നു.

നിയമത്തിലെ ആര്‍ട്ടിക്കിള്‍ 3, വാണിജ്യ മന്ത്രിക്കോ അവര്‍ നിയോഗിക്കുന്നവര്‍ക്കോ മന്ത്രാലയത്തിന് കീഴിലുള്ള ജീവനക്കാരെ ജുഡീഷ്യല്‍ പോലീസ് ഓഫീസര്‍മാരായി നിയമിക്കാനുള്ള അധികാരം നല്‍കുന്നു. നിയമം ലംഘിക്കുന്നതായി സംശയിക്കപ്പെടുന്ന വാണിജ്യ സ്ഥാപനങ്ങളിലെ നിയമ ലംഘനങ്ങള്‍ പരിശോധിക്കാനും മേല്‍നോട്ടം വഹിക്കാനും നിരീക്ഷിക്കാനും ഈ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടായിരിക്കും.

നിയമലംഘനം നടത്തുന്നവര്‍ക്ക് കഠിനമായ ശിക്ഷകള്‍ ലഭിക്കുമെന്ന് ആര്‍ട്ടിക്കിള്‍ 4 വ്യക്തമാക്കുന്നു. പിഴ ചുമത്തലും ബിസിനസ്സ് അടച്ചുപൂട്ടലും നിയമലംഘകനെ നാടുകടത്തലും ഉള്‍പ്പെടെയുള്ള ശിക്ഷകളാണ് നിയമ ലംഘകരെ കാത്തിരിക്കുന്നത്. സുതാര്യത ഉറപ്പാക്കുന്നതിനും നിയമ ലംഘനങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നതിനുമായി കുറ്റവാളികള്‍ക്കെതിരായ അന്തിമ വിധികള്‍ വാണിജ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

രാജ്യത്തെ ബിസിനസ് അന്തരീക്ഷം നിയന്ത്രിക്കുന്നതിനും ന്യായമായ മത്സരം വളര്‍ത്തുന്നതിനും ദേശീയ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന നിയമവിരുദ്ധ നടപടികളില്‍ നിന്ന് പ്രാദേശിക വിപണിയെ സംരക്ഷിക്കുന്നതിനുമുള്ള കുവൈറ്റിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ കരട് നിയമം. സ്വകാര്യ മേഖലയെ പിന്തുണയ്ക്കുന്നതും രാജ്യത്തിന്റെ നിയമപരമായ ചട്ടക്കൂടിന് അനുസൃതമായി നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതുമായ ഒരു സുതാര്യമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *