
Kuwait UPI; പ്രധാനമന്ത്രി മോദിയുടെ ചർച്ചയിൽ കുവൈത്തിൽ ‘യുപിഐ’ സാധ്യമാകുമോ? അറിയാം വിശദമായി
Kuwait UPI; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗൾഫ് സന്ദർശനം തുടരുന്നു. രണ്ട് ദിവസത്തേക്ക് കുവൈത്തിൽ എത്തിയ പ്രധാനമന്ത്രിക്ക് ഉജ്വല സ്വീകരണമാണ് ലഭിച്ചത്. കൂടുതൽ മേഖലകളിൽ സഹകരണം ലക്ഷ്യമിട്ടും ഇന്ത്യയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുമാണ് മോദി പ്രവാസ ലോകത്തെ അഭിംസബോധന ചെയ്തത്.

ഇന്ത്യ ലോകത്തിന്റെ വളർച്ചയുടെ എഞ്ചിനായി മാറുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കുവൈത്തിനുൾപ്പടെ ലോകത്തിനാവശ്യമായ കഴിവുള്ള പ്രതിഭകളെ നൽകാൻ ഇന്ത്യ സജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ സമൂഹത്തോട് സംസാരിച്ച പ്രധാനമന്ത്രി, ഞായറാഴ്ച നിർണായക കൂടിക്കാഴ്ച്ചകളാണ് നടത്തുക.
പ്രവാസികൾ കാത്തിരുന്ന യു പി ഐ പേമെന്റ് കുവൈത്തിൽ നടപ്പാക്കുന്ന കാര്യത്തിലടക്കം ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ബാങ്കിങ്, ഐ ടി, ഫാർമസ്യൂട്ടിക്കൽ മേഖലകളിൽ കുവൈത്തുമായി കൂടുതൽ സഹകരണവും മോദിയുടെ സന്ദർശനത്തിൽ പ്രതീക്ഷിക്കുന്നുണ്ട്.
വിശദ വിവരങ്ങൾ ഇങ്ങനെ
ഇന്ത്യയുടെ യു പി ഐ പേമെന്റ് സംവിധാനം നിലവിൽ വരുന്ന പ്രഖ്യാപനം ഉണ്ടാകുമെയെന്നാണ് ഉറ്റുനോക്കുന്നത്. ഇന്ത്യ – മിഡിൽ ഈസ്റ്റ് – യൂറോപ്പ് ഇടനാഴി കൂടി വരുന്ന പശ്ചാത്തലത്തിൽ ജി സി സി രാഷ്ട്രങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ വലിയ പ്രാധാന്യമാണ് ഇന്ത്യ നൽകുന്നത്. 4 മണിക്കൂർ യാത്ര ചെയ്താൽ എത്തുന്ന കുവൈത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയെത്താൻ 43 വർഷത്തെ ഇടവേളയുണ്ടായെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുവൈത്ത് അമീറുമായുള്ള കൂടിക്കാഴ്ച്ച ഞായറാഴ്ച ആയിരിക്കും.
ഇന്ത്യൻ പ്രധാനമന്ത്രിയെ കുവൈത്ത് ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര – പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യസഫ് സൗദ് അൽ സബാഹ്, വിദേശകാര്യമന്ത്രി അബ്ദുള്ള അലി അൽ യഹ്‍യ ഉൾപ്പടെയുള്ളവർ ചേർന്നാണ് സ്വീകരിച്ചത്.
പൗരപ്രമുഖരുമായുള്ള ഹ്രസ്വ കൂടിക്കാഴ്ച്ചയ്ക്കിടെ രാമായണവും മഹാഭാരതവും അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത അബ്ദുല്ല അൽ – ബറൂൺ, അബ്ദുൾ ലത്തീഫ് അൽ – നിസഫ് എന്നിവർ കോപ്പികളുമായി പ്രധാനമന്ത്രിയെ കാണാനെത്തി. കുവൈത്തിൽ കഴിയുന്ന മുൻ ഇന്ത്യൻ നയതന്ത്രജ്ഞനും, ഐ എഫ് എസ് ഓഫീസറുമായ നൂറ്റൊന്ന് വയസുകാരൻ മംഗൾ സെയ്ൻ ഹന്ദയും പ്രധാനമന്ത്രിയെ കാണാൻ എത്തിയിരുന്നു. ഇന്ത്യൻ തൊഴിലാളികൾ ജോലി ചെയ്യുന്ന ഗൾഫ് സ്പൈക് കമ്പനിയുടെ ലേബർ ക്യാമ്പ് സന്ദർശിച്ച നരേന്ദ്ര മോദി, തൊഴിലാളികൾക്കൊപ്പം ലഘുഭക്ഷണവും കഴിച്ചു.
Comments (0)