
Kuwait ministry; കുവൈത്തിൽ വിവിധ സേവനങ്ങൾക്കുള്ള ഫീസ് നിരക്ക് നിശ്ചയിക്കാൻ മന്ത്രാലയങ്ങൾക്ക് അധികാരം
Kuwait ministry; കുവൈത്തിൽ വിവിധ സേവനങ്ങൾക്കുള്ള ഫീസ് നിരക്ക് നിശ്ചയിക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് അധികാരം നൽകി മന്ത്രിസഭ ഉത്തരവ്. അതത് മന്ത്രാലയലങ്ങളും സർക്കാർ വകുപ്പുകളും ഫീസ് നിരക്ക് നിശ്ചയിച്ചശേഷം മന്ത്രിസഭയുടെ അനുമതിക്ക് സമർപ്പിക്കണമെന്നും നിർദേശമുണ്ട്.

സാമ്പത്തിക സുസ്ഥിരതയും ഫീസ് നിർണയ പ്രക്രിയ കാര്യക്ഷമമാക്കലും പൊതുവിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സുസ്ഥിര ചട്ടക്കൂട് സൃഷ്ടിക്കലുമാണ് പുതിയ പരിഷ്കാരം കൊണ്ട് ലക്ഷ്യമാക്കുന്നത്. മന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും നൽകിയ സ്വയംഭരണാധികാര പരിധി വിപുലപ്പെടുത്തും. സേവനങ്ങളുടെ യഥാർഥ ചെലവും വിശാലമായ സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ച് ഫീസ് നിശ്ചയിക്കാമെന്ന് പറയുന്നുണ്ടെങ്കിലും ഫീസ് നിശ്ചയിക്കുമ്പോൾ സാമൂഹിക നീതി നിലനിർത്തേണ്ടതിന്റെ ആവശ്യകതയും ഉത്തരവിൽ ഊന്നിപ്പറയുന്നു.
കുറഞ്ഞ നിലവാരത്തിൽ ജീവിക്കുന്ന സാധാരണക്കാരെ വല്ലാതെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഇതോടൊപ്പം നിർദേശം നൽകിയിട്ടുണ്ട്. ഫീസ് നിരക്ക് കാലാകാലങ്ങളിൽ അവലോകനം ചെയ്ത് ആവശ്യമായ മാറ്റം വരുത്തും. ഫീസ് നിരക്ക് കേന്ദ്രതലത്തിൽ നിശ്ചയിക്കുന്നതിന് പകരം വിവിധ മന്ത്രാലയങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്നത് വഴി ഫീസ് നിരക്കുകളിൽ വർധനക്കാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
Comments (0)